You are currently viewing കിതാബുൽ ഹികം ക്ലാസ് 2

കിതാബുൽ ഹികം ക്ലാസ് 2

ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ ഉസ്താദ്

തത്വോപദേശം 2

اِرَادَتُكَ التَّجْرِيدَ مَعَ اِقَامَةِ اللهِ اِيَّاكَ فِى اْلأَسْبَابِ مِنَ الشَّهْوَةِ اْلخَفِيَّة

അല്ലാഹു ജീവിത മാർഗങ്ങൾ നൽകിയതോടു കൂടി സകല ജോലികളിൽ നിന്നും ഏർപ്പാടുകളിൽ നിന്നും മോചനത്തെ ആഗ്രഹിക്കൽ പരോക്ഷമായ ദേഹേച്ഛയിൽ പെട്ടതാണ്

മുഅ്‌മിനായ ഒരു മനുഷ്യന് അല്ലാഹു രണ്ടാലൊരു ജീവിത നിലപാടാണ് നൽകുക. അതിൽ നിന്നും ഒരു സത്യവിശ്വാസി വ്യതിചലിക്കാൻ പാടുളളതല്ല.

ഭൗതിക വ്യാപാരങ്ങളൊന്നുമില്ലാതെ സദാസമയം ആരാധനയിൽ മുഴുകുക എന്നതാണ് ഒന്നാമത്തെ നിലപാട്. പ്രതീക്ഷിക്കാത്ത വഴിയിൽ അല്ലാഹു അവന് ഭക്ഷണം നൽകുകയും ചെയ്യുന്നു.

നിർബന്ധമായ ആരാധന കർമ്മങ്ങളും മുഅക്കദായ സുന്നത്ത് കർമ്മങ്ങളും നിർവ്വഹിച്ചു കൊണ്ട് തന്നെ, ഉപജീവനത്തിന് വേണ്ടി, കുടുംബത്തേയും പാവപ്പെട്ടവരെയും സഹായിക്കാൻ വേണ്ടി ജോലിയിൽ വ്യാപൃതരാകുന്നതാണ് രണ്ടാമത്തെ നിലപാട്.

നന്മ ഉപദേശിച്ച് തിന്മയിലേക്കെത്തിക്കുക എന്ന ഇബ്ലീസിന്റെ( لعنة الله عليه) കുതന്ത്രത്തിൽ പെട്ട് ഒരു വിശ്വാസി തന്റെ റബ്ബ് നൽകിയ ജീവിത മാർഗം ഒഴിവാക്കി സദാ ആരാധനയിൽ മുഴുകരുത്. ജനങ്ങൾക്കിടയിൽ വലിയ ആലിമാണെന്ന പേര് ലഭിക്കാൻ അല്ലാഹു നൽകിയ നിലപാടിൽ നിന്നും വ്യതിചലിക്കാൻ പാടില്ല.


മഖ്ദൂം കബീർ رحمة الله عليه നമ്മെ പഠിപ്പിക്കുന്നത് കാണാം.

ആരാധനക്കാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അത്കൊണ്ട് തന്നെ മുഴുവൻ സമയവും സൃഷ്ടികൾ ആരാധനക്കായി ഉപയോഗിക്കണം. അശ്രദ്ധാലുവായി ഒരു ചെറിയ സമയം പോലും നഷ്ടപ്പെടുത്താൻ പാടില്ല. എന്നാൽ നിത്യ ജീവിതത്തിൽ നാം ചെയ്തു തീർക്കേണ്ട അനുവദനീയമായ കുറേ കാര്യങ്ങളുണ്ട്. അപ്പോൾ സദാസമയം ഇബാദത്തിലൈയിരിക്കുക എന്നത് അസാധ്യമാണ്. അപ്പോൾ നാം ചെയ്യേണ്ടത് എന്താണ്? നിയ്യത്ത് നന്നാക്കുക. സദുദ്ദേശത്തോടെ കർമ്മങ്ങൾ ചെയ്യുമ്പോൾ അത് ആരാധാനയിൽ പെടുന്നതാണ്. അത്കൊണ്ട് മനുഷ്യൻ സദാ ബോധവാനാകണം.


മനസ്സ് കൊണ്ടും നാവും കൊണ്ടും നമുക്ക് ദിക്ർ ചൊല്ലാം. സ്വഹാബത്ത് എപ്പോഴും ദിക്ർ ചൊല്ലുമായിരുന്നു.

കഅ്‌ബ് ഇബ്നു സുഹൈർرضي الله عنه ഇസ്ലാം സ്വീകരിച്ച ശേഷം പ്രവാചക പ്രകീർത്തനങ്ങൾ ധാരാളം നടത്തി. കൂട്ടത്തിൽ സ്വഹാബത്തിനെ കുറിച്ച് ഇങ്ങനെ പാടി
“ബഹുമാന്യരായ സ്വഹാബത്തിന്റെ പ്രധാന ജോലി ദിക്ർ ചൊല്ലലാണ്. അവർ സദാസമയം ദിക്ർ ചൊല്ലുന്നവരാണ്.”


ജോലിക്കു വേണ്ടി യാത്ര ചെയ്യുന്നതിനിടയിൽ ചിറകൊടിഞ്ഞു കിടക്കുന്ന ഒരു പക്ഷിക്ക് മറ്റൊരു പക്ഷി ഭക്ഷണം കൊണ്ടുവന്നു നൽകുന്നത് കണ്ട്, ഇതുപോലെ അല്ലാഹു തനിക്കും നൽകുമെന്ന് മനസ്സിലാക്കി ആരാധനയിൽ മാത്രം മുഴുകുന്നതിനുവേണ്ടി മടങ്ങിയ ശഖീഖുൽ ബൽഖി എന്ന മഹാനോട് ഇബ്റാഹീമുബ്നു അദ്ഹം رحمة الله عليه ചോദിച്ചത് നിങ്ങൾ എന്തിന് ചിറകൊടിഞ്ഞ പക്ഷി ആവണം? അതിലും നല്ലത് ഭക്ഷണം നൽകുന്ന ആരോഗ്യവാനായ പക്ഷി ആവുന്നതല്ലേ എന്നായിരുന്നു.

“കൊടുക്കുന്ന കൈകളാണ് വാങ്ങുന്ന കൈകളെക്കാൾ ഉത്തമം” എന്ന എന്ന മുത്ത് ഹബീബ് ﷺ തങ്ങളുടെ വാക്കുകൾ ഏറെ ചിന്തനീയമാണ്.

ചുരുക്കത്തിൽ ഈ തത്വത്തിലൂടെ , ആത്മീയ ഉന്നതി ആഗ്രഹിക്കുന്നവർ , കുടുംബ ബന്ധങ്ങളും ജീവിതമാർഗങ്ങളും വെടിഞ്ഞ് സദാസമയം ആരാധന കർമ്മങ്ങളിൽ മുഴുകേണ്ടതില്ല. മറിച്ച് നല്ല നിയ്യത്തോടു കൂടി അവ ആരാധാനയാക്കാമെന്ന് സിക്കന്തരി ഇമാം رحمة الله عليه നമ്മെ പഠിപ്പിക്കുന്നു

സംഗ്രഹം : സമീറ ബിൻത് മാഹിൻ
കാസർഗോഡ്

Share

Leave a Reply