ഷാർജ: വിശ്വപ്രസിദ്ധ തഫ്സീർ ഗ്രന്ഥം, ‘തഫ്സീറുൽ ബൈളാവി’ക്ക് കോടമ്പുഴ ബാവ മുസ്ലിയാർ എഴുതിയ വ്യാഖ്യാന ഗ്രന്ഥം ‘തസ്ഹീലുൽ ബൈളാവി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ( ബുക്ക് ഫോറം പ്രധാന പ്രവേശന കവാടത്തിനു സമീപം) വൈകീട്ട് നാലുമണിക്ക് പ്രകാശിതമായി.
കോടമ്പുഴ ബാവ മുസ്ലിയാർ ഷാർജ ബുക്ക് അതോറിറ്റി മാർക്കറ്റിങ് ഡയറക്ടർ സാലിം ഉമ്മർ സാലിമിന് കോപ്പി കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ എന്നും നിലനിൽകുന്ന ഉപകാര പ്രദമായ ഗ്രന്ഥങ്ങളാണ് നാം വായിക്കേണ്ടത് . അവ കണ്ടെത്തി വായിക്കണമെന്ന് കോടമ്പുഴ ബാവ മുസ്ലിയാർ അഭിപ്രായപ്പെട്ടു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻകുമാർ, പി എസ് കെ മൊയ്തു ബാഖവി മാടവന, ശരീഫ് കാരശ്ശേരി, കെബീർ മാസ്റ്റർ, ഡോക്ടർ നാസർ വാണിയമ്പലം തുടങ്ങിയവർ സംബന്ധിച്ചു. കോടമ്പുഴ ദാറുൽ മആരിഫ് ആണ് പ്രസാധനം നിർവഹിച്ചത്. അൽ മആരിഫ് പബ്ലിക്കേഷന്റെ നൂറോളം കൃതികളുമായി സ്റ്റാൾ സജീവമാണ്.