ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെന്ററിന്റെ ഈ വർഷത്തെ ഗസ്സാലി അവാർഡിന് ബേക്കൽ ഇബ്റാഹീം മുസ്ലിയാരെ തിരഞ്ഞെടുത്തു. അര നൂറ്റാണ്ടിലധികമായി ഇസ്ലാമിക പ്രബോധന വൈജ്ഞാനിക പ്രസരണ രംഗത്ത് കാഴ്ച വെച്ച മികച്ച സംഭാവനകളാണ് അവാർഡിനായി പരിഗണിച്ചത്. ഇപ്പോൾ കർണ്ണാടക സ്റ്റേറ്റ് ജംഇയത്തുൽ ഉലമായുടെ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ പ്രൻസിപ്പാളുമാണ് ബേക്കൽ ഇബ്റാഹീം മുസ്ലിയാർ. താജുൽ ഫുഖഹാഅ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. കോടമ്പുഴ ബാവ മുസ്ലിയാർ, പി.എസ്.കെ. മൊയ്തു ബാഖവി മാടവന, പ്രൊ. എ.കെ. അബ്ദുൽ ഹമീദ് എന്നിവരടങ്ങുന്ന ഡി.എം.ഐ.സി. അവാർഡ്സ സമിതിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്. വിശ്വ വിഖ്യാത സാമുഹ്യ പരിഷ്കർത്താവും ആത്മീയ ഭിഷഗ്വരനും സർവകലാവല്ലഭനുമായ ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) യുടെ നാമധേയത്തിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. സേവന രംഗത്ത് മികച്ച മാത്യക സൃഷ്ടിച്ച പതിനാറു പ്രമുഖർക്ക് ഇതിനകം അവാർഡ് നൽകിയിട്ടുണ്ട്. ഏപ്രിൽ 7 ന് കോടമ്പുഴ വാദീ ഇർഫാനിൽ നടക്കുന്ന ദാറുൽ മആരിഫ് ഇസ്ലാമിക് സെന്ററിന്റെ 27 – ാം
വാർഷിക സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് സമിതി ചെയർമാൻ കോടമ്പുഴ ബാവ മുസ്ലിയാർ അറിയിച്ചു.