You are currently viewing കിതാബുൽ ഹികം ക്ലാസ് 1

കിതാബുൽ ഹികം ക്ലാസ് 1

ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ ഉസ്താദ്

ഇബ്നു അതാഇല്ലാഹി സിക്കന്തരി എന്ന ആത്മീയ ഗുരു രചിച്ച ഗ്രന്ഥമാണ് അൽ ഹികം. ശൈഖ് അബുൽ ഹസനി ശാദുലി തങ്ങളുടെ ശിഷ്യനാണ് ആത്മീയ ഗുരുക്കന്മാരുടെ ഗുരുവായ സിക്കന്ദരി തങ്ങൾ. കൈറോവിൽ ആത്മീയ ഗുരുവായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിജ്റ 709 ജുമാദുൽ ആഖിർ മാസത്തിൽ കൈറോവിൽ തന്നെ ബഹുമാനപ്പെട്ടവർ വഫാത്തായി. ‘ലഥ്വാഇഫുൽ മിനൻ’ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ ബഹുമാനപ്പെട്ടവർ രചിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥങ്ങളിൽ വിഖ്യാതി നേടിയ ഗ്രന്ഥമാണ് ‘അൽ ഹികം

ഓരോ തത്വോപദേശങ്ങൾ ആയാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത് .

മഹാന്മാരായ ആരിഫീങ്ങൾ സ്വച്ഛന്ദം വിഹരിക്കുന്ന മലർവാടിയാണ് ‘അൽഹികം’. മഅ്‌രിഫത്ത് ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്ന സാലികീങ്ങളുടെ ശിൽപശാല കൂടിയാണ് ഈ ഗ്രന്ഥം. അകക്കണ്ണ് കൊണ്ട് അല്ലാഹുവിനെ ദർശിച്ചിട്ടുളള ദിവ്യ ജ്ഞാനികളാണ് ആരിഫീങ്ങൾ. ആരിഫും ആലിമും തമ്മിൽ വ്യത്യസമുണ്ട്. നുബുവ്വത്തിന്റെ കൂടെ രിസാലത്ത് കൂടി ലഭിക്കുമ്പോഴാണ് നബിമാർ മുർസലീങ്ങളാവുന്നത്. എന്നത് പോലെ, ഇൽമ് ലഭിക്കുമ്പോൾ ആലിമാവുന്നു, ഇൽമിന്റെ കൂടെ മഅ്‌രിഫത്ത് ലഭിക്കുമ്പോൾ ആരിഫാകുന്നു.

ഈ ഗ്രന്ഥത്തിന് നിരവധി വിഖ്യാത പണ്ഡിതന്മാർ വ്യാഖ്യാന ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ നിന്ന് തന്നെ ഈ ഗ്രന്ഥത്തിന്റെ പ്രധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

‘ഹിക്മത്തിന്റെ’ ബഹുവചനമാണ് ഹികം. ഈ ഗ്രന്ഥത്തിന് ആന്തരികമായ വ്യഞ്ജനാശയവും ബാഹ്യമായ സ്പഷ്ടാശയവുമുണ്ട്.

സാധാരണക്കാർക്ക് അതിലേക്ക് എത്തിച്ചേരാൻ സാധിക്കില്ലെങ്കിലും അതിന്റെ പരിമളം ആസ്വദിക്കാൻ സാധിക്കും.

ആരിഫിന്റെ വഴിയിലേക്ക് തനിക്കൊരിക്കലും പ്രവേശിക്കാൻ സാധിക്കില്ലെന്ന അപകർഷതാബോധം ഒരു മുഅ്‌മിനിന് ഉണ്ടാവാൻ പാടില്ല. അതുകൊണ്ട് തന്നെ അപകർഷതാബോധത്തിന്റെ സാഗരത്തിൽ നിന്ന് കൈപിടിച്ച് പ്രതീക്ഷയുടെ തീരത്തേക്ക് കൊണ്ട് വരികയാണ് ആദ്യമായി മുസന്നിഫ് ചെയ്യുന്നത്.


തത്വോപദേശം 1

مِنْ عَلاَمَاتِ اْلِاعْتِمَادِ عَلَى اْلعَمَلِ نُقْصَانُ الرَّجَاءِ عِنْدَ وُجُودِ الزَلَلِ

ജീവിതത്തിൽ തെറ്റ്കുറ്റങ്ങൾ സംഭവിക്കുമ്പോൾ പ്രതീക്ഷ കുറഞ്ഞു പോവുക എന്നത് കർമ്മ ധർമ്മങ്ങളെ അവലംബമാക്കുന്നു എന്നതിന്റെ അടയാളങ്ങളിലും ലക്ഷ്ണങ്ങളിലും പെട്ടതാണ്.

അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഏതൊരാൾക്കും യ ആത്മയുൽകൃഷ്ഠ നേടാൻ സാധിക്കുക. ഗർഭസ്ഥ ശിശുവായിരിക്കുമ്പോഴും കൗമാരത്തിലും വിലായത്ത് നേടിയവരുണ്ട്. ഇത് അവരുടെ കർമ്മഫലം കൊണ്ടല്ല. മറിച്ച് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്. അത്കൊണ്ട് അമലിനെ ആസ്പദമാക്കാൻ പാടില്ല.

ഒരു ഹദീസിൽ കാണാം. അബൂഹുറൈറ رضي الله عنه ഉദ്ധരിച്ച ഹദീസ്. നബി തങ്ങൾ ﷺപറഞ്ഞു:”നിങ്ങളിൽ നിന്ന് ഒരാളേയും അവന്റെ കർമ്മങ്ങൾ രക്ഷപ്പെടുത്തുകയില്ല”. അപ്പോൾ ഒരാൾ ചോദിച്ചു. അങ്ങയെപ്പോലും അങ്ങയുടെ കർമ്മങ്ങൾ രക്ഷപ്പെടുത്തുകയില്ലെ, നബിയേ? ﷺ..അപ്പോൾ നബി തങ്ങൾ ﷺ പറഞ്ഞു, “ഇല്ല, അല്ലാഹു അവന്റെ കൃപാകടാക്ഷം കൊണ്ട് എന്നെ ആവരണം ചെയ്താലല്ലാതെ എന്നെ രക്ഷപ്പെടുത്താൻ എന്റെ കർമ്മങ്ങൾക്ക് സാധിക്കുകയില്ല. എങ്കിലും നിങ്ങൾ പ്രതീക്ഷയോടെ മുന്നോട്ടു പോവുക (മുസ്‌ലിം)

അമലുകൾ കുറഞ്ഞു പോയതിൽ നിരാശപ്പെടാതെ അല്ലാഹുവിൽ അവലംബമായി മുന്നേറാൻ , ഒന്നാമത്തെ തത്വോപദേശത്തിലൂടെ സിക്കന്ദരി തങ്ങൾ നമ്മോട് പറയുന്നു.

സംഗ്രഹം: സമീറ ബിൻത് മാഹിൻ.
കാലിക്കടവ്

Share

Leave a Reply